KeralaTop News

കേരള സ്കൂൾ കായികോത്സവം; മുന്നിൽ മലപ്പുറം തന്നെ

Spread the love

കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ പോയിൻ്റ് 150 കടന്നു. പാലക്കാടാണ് രണ്ടാമത്. നിരവധി റെക്കോർഡുകളും അത്‌ലറ്റിക് മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് പിറന്നു.

അത്ലറ്റിക് മത്സരങ്ങളുടെ നാലാം ദിനം ട്രാക്ക് ഉണർന്നത് ജൂനിയർ വിഭാഗം 1500 മീറ്ററിൽ പാലക്കാടിന്റെ ഇരട്ട സ്വർണത്തോടെ. ആൺകുട്ടികളുടെ വിഭാഗത്തിൽ അമൃത് എമ്മും പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യയും സ്വർണം നേടി. സ്വർണ്ണ നേട്ടത്തോടെ മേളയിൽ ഹാട്രിക് സ്വർണം എന്ന നേട്ടവും അമൃത് സ്വന്തമാക്കി. 400, 800, 1500 മീറ്ററുകളിലാണ് അമൃത് സ്വർണം നേടിയത്.

1500 മീറ്റർ സീനിയർ ബോയ്സിൽ സ്വർണവും വെള്ളിയും നേടി മലപ്പുറം പിന്നാലെ കരുത്തറിയിച്ചു. കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിലെ വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ സ്വർണവും അതേ സ്കൂളിലെ മുഹമ്മദ് ജസീൽ വെള്ളിയും കരസ്ഥമാക്കി. 3000 മീറ്ററിലും ഇരുവരും സ്വർണവും വെള്ളിയും നേടിയിരുന്നു. രണ്ടു വിഭാഗത്തിലും മീറ്റ് റെക്കോർഡോടെയാണ് മുഹമ്മദ് അമീൻ്റെ നേട്ടം.

600 മീറ്റർ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണം നേടിയതോടെ കോഴിക്കോടിന്റെ അൽക്ക ഷിനോജിന് ഇരട്ട സ്വർണ്ണ നേട്ടമായി. സീനിയർ ഗേൾസ് ഷോട്ട്പുട്ടിൽ സ്വർണം നേടിയതോടെ കാസർഗോഡിന്റെ ഹെനിൻ എലിസബത്തും ഡബിൾ സ്വന്തമാക്കി. ഷോട്ട്പുട്ട് സീനിയർ ബോയ്സിൽ സ്വന്തം മീറ്റ് റെക്കോർഡ് തിരുത്തി കാസർഗോഡിന്റെ സര്‍വാൻ കെ സി സ്വർണം നേടി. 17.74 മീറ്ററാണ് പുതിയ ദൂരം. നിലവിൽ 17 സ്വർണ്ണവുമായി 150 പോയിന്റാണ് മലപ്പുറത്തിനുള്ളത്. 15 സ്വർണത്തോടെ 110 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്.