Top NewsWorld

ഗസ്സ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത തള്ളി ഖത്തര്‍; ‘ഇരുകക്ഷികളും ആത്മാര്‍ത്ഥമായി സമീപിച്ചാല്‍ ചര്‍ച്ചകള്‍ തുടരും’

Spread the love

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഖത്തര്‍ പിന്മാറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഖത്തര്‍ തള്ളി. ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ കൃത്യമല്ലെന്നും മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടുവെങ്കിലും ഇരു വിഭാഗവും ആത്മാര്‍ത്ഥമായി സന്നദ്ധത അറിയിച്ചാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്

വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പത്തു ദിവസം മുമ്പു നടന്ന ചര്‍ച്ചയില്‍ ഇരു കക്ഷികളും കരാറില്‍ എത്തിയില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.മധ്യസ്ഥ ദൗത്യത്തില്‍ നിന്നു ഖത്തര്‍ പിന്‍വാങ്ങുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.

ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

ഹമാസ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടുവെന്ന തലത്തിലായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ നല്‍കിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനുമായി അമേരിക്കക്കൊപ്പം സജീവമായി പരിശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍.