KeralaTop News

വയനാട് ദുരന്തമേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്ത്: ആഢംബരഹോട്ടലിലെ താമസത്തിന്റെ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുതെന്ന് സിപിഐ

Spread the love

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ കൗണ്‍സിലാണ് പരാതി നല്‍കിയത്.

നൂറുകണക്കിന് വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം പോലും ഇല്ലാതെ സേവനം ചെയ്തുവെന്ന് സിപിഐ പരാതിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരടക്കം ആശ്രയിച്ചത് ഗസ്റ്റ് ഹൗസുകളും സാമൂഹിക അടുക്കളകളയുമാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത്. വാര്‍ത്ത വന്നപ്പോള്‍ ഈ ലോബി സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്. ധൂര്‍ത്തിനായി ഉപയോഗിച്ച തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുത്. ഇത് ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഐ പരാതിയിലൂടെ ആവശ്യപ്പെട്ടു.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തില്‍ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്. താമസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും അനുവദിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
താമസവും മറ്റു കാര്യങ്ങള്‍ക്കുമായി ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബില്ല് സമര്‍പ്പിച്ചത് കൊണ്ട് ആര്‍ക്കും പണം കിട്ടണമെന്നില്ല. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ഭാടമായ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്തുവന്നിരുന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചിരുന്നു.