മഹാരാഷ്ട്രയില്‍ പ്രകടന പത്രിക പുറത്തിറക്കി മുന്നണികള്‍, ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന ക്ഷേമ പദ്ധതികള്‍ വാഗ്ദാനം
ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന ക്ഷേമ പദ്ധതികളുമായി മഹാരാഷ്ട്രയില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീം സംവരണത്തിലും വഖഫ് വിവാദത്തിലും കോണ്‍ഗ്രസിനെതിരെ ഇന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണങ്ങള്‍ തുടര്‍ന്നു. വര്‍ഗീയതയാണ് അമിത് ഷായുടെ ലക്ഷ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ട്വന്ര്‍റി ഫോറിനോട് പറഞ്ഞു.
മുംബൈയില്‍ രണ്ടിടത്ത് ഒരേ സമയം രണ്ട് മുന്നണികളും പത്രിക പുറത്തിറക്കി. ക്ഷേമ പദ്ധതികളില്‍ ബലാബലമെന്ന രീതിയിലായിരുന്നു പ്രഖ്യാപനം. സ്ത്രീകള്‍ക്കുള്ള മാസ സഹായത്തില്‍ മഹായുതിയെക്കാള്‍ തൊണ്ണായിരം രൂപ കൂടുതലാണ് മഹാവികാസ് അഖാഡിയുടേയത്. തൊഴിലില്ലാത്ത യുവാക്കള്‍ക്കും ഇരു മുന്നണികളും ജയിച്ച് വന്നാല്‍ പണം നല്‍കും. സൗജന്യ ചികിത്സ, ഇന്‍ഷുറന്‍സ് അങ്ങനെ സര്‍ക്കാര്‍ വന്‍ കടക്കെണിയിലെങ്കിലും വാഗ്ദാനങ്ങള്‍ ഏറെ.
ഏഴ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് മഹാരാഷ്ട്രാ സര്‍ക്കാറിനുള്ളത്. മുംബൈയില്‍ ബിജെപി സഖ്യത്തിന്റെ പ്രകടന പത്രിക പുറത്തെടുക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. മുസ്ലിം സംവരണത്തിനായി കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. വഖഫ് വിഷയത്തിലും കോണ്‍ഗ്രസിന് പ്രതികൂട്ടില്‍ നിര്‍ത്തുകയാണ് അമിത് ഷാ. കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനെത്തിയ കെസി. വേണുഗോപാല്‍ അമിത് ഷായ്ക്ക് മറുപടി നല്‍കി. അധികാരം പിടിച്ചാല്‍ ആരാവും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് കെസിയും വ്യക്തത തന്നില്ല.