KeralaTop News

ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Spread the love

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

സ്‌റ്റോക്കിലുള്ള ഭക്ഷ്യ വസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്നും കളക്ടര്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്‌റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു.

ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതിയുയര്‍ന്നിരുന്നു. വയറിളക്കവും ച്ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.