മുനമ്പം സമരം: സംഘപരിവാറിന് മുഖ്യമന്ത്രി കുടപിടിച്ചെന്ന് വി ഡി സതീശന്; ബിജെപിയെ ഭയന്ന് ലീഗ് പതാക മറച്ചത് മറന്നിട്ടില്ലെന്ന് തിരിച്ചടിച്ച് ബിനോയ് വിശ്വം
മുനമ്പം സമരത്തില്‍ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ മുന്നണികള്‍. സംഘപരിവാര്‍ അജണ്ടക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും ബിജെപിയുമെന്ന് ബിനോയ് വിശ്വം തിരിച്ചടിച്ചു. വഖഫ് മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ തട്ടിലും ഇന്ന് രംഗത്തെത്തി.
മുനമ്പം സമരം 28 ദിവസത്തിലേക്ക് കടക്കുന്ന വേളയിലാണ് ഭരണ പ്രതിപക്ഷ മുന്നണികളുടെ പരസ്പര കലഹം.10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നം മുഖ്യമന്ത്രി മനഃപൂര്‍വം വഷളാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. ബിജെപിക്ക് കോണ്‍ഗ്രസിനും എതിരെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. മുനമ്പത്ത് സ്പര്‍ധ വളര്‍ത്താനും കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടിയുയര്‍ത്താന്‍ മടിച്ചവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന കാര്യവും മുസ്ലീം സമൂഹം മറന്നിട്ടില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
മുനമ്പം സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ വൈദികരെ അധിക്ഷേപിച്ച വഖഫ് മന്ത്രിക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മറുപടി നല്കി. സമരത്തെ പിന്തുണക്കാതവര് ഒറ്റുകാരാകുമെന്ന് മാര്‍ റഫേല്‍ തട്ടില്‍ പറഞ്ഞു. നാളെ കത്തോലിക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരത്തോട് ഐക്യപ്പെട്ടുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 28-ാം തീയതിയാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗം ചേരുക.