ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യും.
മുഖ്യമന്ത്രിയെ എത്തിച്ചുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് ക്യാമ്പ് ആകട്ടെ കുടുംബയോഗങ്ങളിൽ വേരുറപ്പിക്കുകയാണ്. കെ സി വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയിൽ നടപ്പാക്കിയ കുടുംബ യോഗത്തിന്റെ മാതൃകയാണ് ചേലക്കരയിൽ പരീക്ഷിക്കുന്നത്. ബിജെപിയും കോർണർ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാർഥികൾ. വയനാടും പാലക്കാടും സിറ്റിംഗ് സീറ്റുകളാണ്. എന്നാൽ ചേലക്കരയിലെ വിജയം രാഷ്ട്രീയ മുന്നേറ്റത്തിന് സഹായിക്കുമെന്ന വിലയിരുത്തലാണ് യുഡിഎഫിന്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയത്തിനായി മന്ത്രിമാരാണ് സജീവമായി മണ്ഡലത്തിലുള്ളത്.