അൻവർ വീട് വാഗ്ദാനം ചെയ്ത് വോട്ട് പിടിക്കുന്നു; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്
പി.വി അൻവറിന്റെ ഡിഎംകെയ്ക്കും സ്ഥാനാർത്ഥിക്കുമെതിരെ പരാതി നൽകി എൽഡിഎഫ്. 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നുവെന്നാണ് പരാതി. എസി മൊയ്തീനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്.
ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫ് പരാതിയിൽ പറയുന്നു. അന്‍വറിനും സ്ഥാനാര്‍ത്ഥിയായ എം കെ സുധീറിനുമെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ചേലക്കര മണ്ഡലത്തിൽ 1000 പേർക്ക് വീടുകൾ വച്ച് നൽകുമെന്നും ഇതിനായുള്ള അപേക്ഷ ഫോമുകൾ ഡിഎംകെ ഓഫീസുകളിൽ നിന്ന് ലഭിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. അപേക്ഷകൾ പ്രദേശത്തെ ക്ഷേത്രകമ്മിറ്റികൾ, മുസ്ലിം–- ക്രിസ്ത്യൻ പള്ളി കമ്മിറ്റികളുടെ ശുപാർശകൾ സഹിതം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടിനായി മതത്തെക്കൂടി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് പി വി അൻവർ നടത്തുന്നതെന്നാണ് ആരോപണം.