Monday, February 24, 2025
Latest:
KeralaTop News

പി.പി ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് തലശ്ശേരി സെഷൻസ് കോടതി

Spread the love

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

അതേസമയം ഇന്നലെ ദിവ്യക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അനുമതി നല്‍കിയത്. നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചു.

ഇതോടെ ദിവ്യ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെടും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. നാളെ ജാമ്യാപേക്ഷയില്‍ തീരുമാനം വരാനിരിക്കുന്നതിനിടയിലാണ് നിര്‍ണായക നീക്കം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.