KeralaTop News

കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേ രാഹുല്‍ തല തപ്പിനോക്കി, അതാണ് കോഴിക്കോടാണെന്ന് പറഞ്ഞത്: എം വി ഗോവിന്ദന്‍

Spread the love

പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേക്കും തലയില്‍ തപ്പി നോക്കിയ കഥ പോലെയാണ് രാഹുലിന്റെ കാര്യമെന്നും ഒളിക്കാനുള്ളതിനാലാണ് കോഴിക്കോട്ടുനിന്ന് ലൈവിട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ പറയുന്നതെല്ലാം കളവാണ്. താന്‍ രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് എന്തിനാണ് വസ്ത്രം നിറച്ച ബാഗുമായി എത്തിയതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

പാലക്കാട്ടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎം- ബിജെപി അന്തര്‍ധാരയെന്ന് വരുത്തിതീര്‍ക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ പാലക്കാട്ടെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം ഒന്നാമത്തെ ശത്രുവായി കാണുന്നത് ബിജെപിയെയാണ്. അതല്ലെന്ന് വരുത്താന്‍ ആരും വല്ലാതെ പാടുപെടേണ്ട. ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ കള്ളപ്പണമൊഴുക്കുന്നുണ്ട്. അവര്‍ക്ക് അതിന്റെ ചരിത്രവുമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്തര്‍ധാരയുള്ളത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും എം വി ഗോവിന്ദന്‍ പറയുന്നു. നാലുകോടി രൂപ ഷാഫിക്ക് കിട്ടിയെന്ന് പറഞ്ഞത് സുരേന്ദ്രനാണ്. എന്നിട്ടും പ്രതിപക്ഷ നേതാവ് പോലും ഒരക്ഷരം മിണ്ടാത്തത് എന്താണെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. രാഹുലിന് ശുക്രദശയെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. കൂടോത്രത്തെക്കുറിച്ചും ദശയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനെ പോലെ മറ്റാര്‍ക്കും അറിയില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.