Top NewsWorld

പരാജയം സമ്മതിച്ച് കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

Spread the love

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല പറഞ്ഞു.

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമലാ ഹാരിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.

താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു. വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്’. ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ വിജയത്തോടൊപ്പം സെനറ്റിലും യുഎസ്‌ കോൺഗ്രസിലും റിപ്പബ്ലിക്കൻ പാർട്ടി പിടിമുറുക്കി.