‘എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ?’ പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരൻ
പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് കെ സുധാകരൻ പറഞ്ഞു.
അനധികൃത പണമില്ലെങ്കിൽ എന്തിനാണ് റെയ്ഡിനെ എതിർക്കുന്നതെന്ന ടി പി രാമകൃഷ്ണന്‍റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാൽ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകൾക്കും വായിൽത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചാണ് സുധാകരന്‍റെ പ്രതികരണം.
“എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? കള്ളപ്പണത്തിന്‍റയൊന്നും ഉടമസ്ഥർ ഞങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണ്. ഞങ്ങളല്ല. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിൽ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികൾ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയൻ. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം”- സുധാകരൻ പറഞ്ഞു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. പൊലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.
ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തു. കൂടാതെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. ഇതിനിടെ സിപിഎം നേതാക്കളും പ്രവർത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.
സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനായി ബാഗിൽ ഹോട്ടലിൽ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. പരിശോധന സംബന്ധിച്ച് പൊലീസിന്‍റെ വിശദീകരണത്തിൽ ആശയക്കുഴപ്പമുണ്ട്. എല്ലാ ആഴ്ചയും ഇലക്ഷന്‍റെ ഭാഗമായുള്ള പരിശോധനയാണ് നടത്തിയതെന്നു പാലക്കാട് എഎസ്പി അശ്വതി ജിജി വിശദീകരിച്ചു. എന്നാൽ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെന്നാണ് പൊലീസ് സെർച്ച് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.