ട്രംപിന്റെ തിരിച്ചുവരവ്; അമേരിക്കയിലെ ഇന്ത്യക്കാർക്കുണ്ട് ചില ആശങ്കകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. 2020-ലെ പ്രസിഡനറ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി മോദി പരസ്യമായി വോട്ട് അഭ്യർഥിക്കുകവരെ ചെയ്തു. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റു. ഇന്ത്യക്കാരെ കയ്യിലെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണയും ട്രംപ് നടത്തിയിരുന്നു. ഇന്ത്യക്കാരേയും ഹിന്ദുക്കളേയും താൻ സംരക്ഷിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന് പരസ്യമായി വോട്ട് ചോദിച്ചതിന് നീരസമുണ്ടായിരുന്ന ബൈഡൻ ഭരണകൂടത്തെ പിണക്കാതിരിക്കാൻ മോദി നിരന്തരം ശ്രമിച്ചിരുന്നു. ചേരിചേരാ നയത്തിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുകയും അമേരിക്കൻ പക്ഷത്തോട് കൂടുതൽ അടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത്.
അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയേക്കും. ഇന്ത്യയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിനായി കരാറുകൾ പുനർചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യാനിടയുണ്ട്. അമേരിക്കൻ ടെക് കമ്പനികൾക്കും കൃഷിയ്ക്കും വിപണി തുറക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്.
കൂടാതെ ട്രംപിന്റെ കുടിയേറ്റ നയത്തിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ട്. എച്ച് 1 ബി വിസ വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യൻ സമൂഹം ഭയപ്പെടുന്നു. മോദിയുമായുള്ള സൗഹൃദം ട്രംപിന്റെ ഇത്തരം നീക്കങ്ങളെ തടയിടാൻ കാരണമായേക്കില്ല. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം നിലനിർത്തുമ്പോൾ തന്നെ, കുടിയേറ്റം, സാമ്പത്തികം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തന്റെ പ്രഖ്യാപിത നയം നടപ്പാക്കാനായിരിക്കും ട്രംപ് ശ്രമിക്കുക.