പാലക്കാട് ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു
പാലക്കാട് ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാർ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാംകുമാർ.
നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് മണികണ്ഠൻ പാർട്ടി വിട്ടത്.
സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ പാർട്ടി അവഗണിക്കുന്നുവെന്നാണ് പരാതി. പാർട്ടിയിൽ കോക്കസ് പ്രവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും കോക്കസ് ഉണ്ടെന്ന് ആരോപിച്ച മണികണ്ഠൻ, സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു.
അതേസമയം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യറെ അനുനയിപ്പിക്കാൻ ആർഎസ്എസിന്റെ ശ്രമം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആർഎസ്എസ് വിശേഷസമ്പർക്ക് പ്രമുഖ് എ ജയകുമാർ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് വിവരം. ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.