കൃഷ്ണകുമാർ പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ നടത്തുന്നു’; പാലക്കാട് BJP മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു
പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചു. അന്ന് ആർഎസ്എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സിപിഐഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ് ആണ്. നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയില് തുടരാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠൻ പറഞ്ഞു.