Friday, December 27, 2024
Latest:
KeralaTop News

മുനമ്പം ഭൂമി വിഷയം; ‘നടപടി നിയമപ്രകാരം; ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല’; വഖഫ് ബോർഡ് ചെയർമാൻ

Spread the love

മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ഇതുവരെ എടുത്ത തീരുമാനങ്ങൾ, രേഖകൾ ഇതെല്ലം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമർപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി. ബോർഡിന് പ്രത്യേകമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ല. സർക്കാർ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം വഖഫ് ബോർഡ് നിൽക്കുമെന്ന് അഡ്വ.എം.കെ.സക്കീർ പറഞ്ഞു. സമുദായത്തിന്റെ പേര് പറഞ്ഞു അവർക്ക് നീതി കിട്ടുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും വർ​ഗീയവത്കരിക്കാൻ ശ്രമിക്കരുതെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.

മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ഭൂമിയാണെന്നും അത് തിരികെ കിട്ടണമെന്നുമുള്ള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയെ തുടർന്നാണ് നിലവിലെ തർക്കം. അബ്ദുൾ സലാം, നാസർ മനയിൽ എന്നിവരാണ് പരാതിക്കാർ. മത്സ്യബന്ധനം ഉപജീവനമാർഗ്ഗം ആക്കിയിട്ടുള്ള സാധാരണക്കാരായ അറുന്നൂറിൽ പരം കുടുംബങ്ങളാണ് മുനമ്പത്ത് താമസിക്കുന്നത്. തലമുറകളുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും ഫലമായി കിട്ടിയ ഭൂമിയിൽ നിന്ന് പടിയിറങ്ങേണ്ടി വരുമോ എന്ന ആധിയിലാണ് ഇവർ.

കുടിയിറക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം തുടരുകയാണ്. മുനമ്പം ഭൂമി തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇടപെടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടപെടൽ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.