ട്രംപും കമലയും 3-3; ഡിക്‌സ്‌വില്ലെ നോച്ചിലെ ആളുകൾ വോട്ട് ചെയ്തത് അര്‍ദ്ധരാത്രിയിൽ
യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഒരു ചെറിയ പട്ടണമാണ് ഡിക്‌സ്‌വില്ലെ നോച്ച്. രാജ്യത്തിന് ആരെ പ്രസിഡന്റായി വേണമെന്ന് അറിയിക്കുന്ന ആദ്യ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. അമേരിക്കൽ സമയം രാത്രി 12 മണിക്കാണ് ഇവിടെ ആളുകൾ വോട്ടുകൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യം വോട്ട് രേഖപ്പെടുത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ഇവിടെയാണ്.
പതിവുപോലെ ഇത്തവണയും അര്‍ദ്ധരാത്രിയിൽ ഡിക്സ്വില്ലെ നോച്ചിൽ ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി. ആറ് പേരാണ് ഇവിടെ വോട്ടുകൾ രേഖപ്പെടുത്തിയത്. വോട്ടിംഗും വോട്ടെണ്ണലും അവസാനിച്ചപ്പോൾ കമല ഹാരിസും ഡൊണാൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണ്. മൂന്ന് വോട്ടുകൾ വീതം ഇരുവർക്കും ലഭിച്ചു.
1960-ൽ ഡിക്‌സ്‌വില്ലെ നോച്ചിൽ തുടങ്ങിയ അർദ്ധരാത്രി വോട്ടിംഗ് സാധാരണ സമയങ്ങളിൽ വോട്ട് ചെയ്യാൻ കഴിയാത്ത റെയിൽ വേ തൊഴിലാളികൾക്ക് വേണ്ടിയാണ് ആരംഭിച്ചത്.
പരമ്പരാഗതമായി, ഡിക്‌സ്വില്ലെ നോച്ചിലെ എല്ലാ വോട്ടര്‍മാരും ബാല്‍സാംസ് റിസോര്‍ട്ടിലെ ബാലറ്റ് റൂമില്‍ ഒത്തുകൂടും. അര്‍ദ്ധ രാത്രിയോടെ വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞാല്‍ രഹസ്യ ബാലറ്റ് രേഖപ്പെടുത്തുന്നു. ബാലറ്റുകള്‍ രേഖപ്പെടുത്തിയതിന് ശേഷം വോട്ടുകള്‍ എണ്ണിത്തുടങ്ങി ഫലം പ്രഖ്യാപിക്കുകയും ചെയ്യുന്നു. മറ്റ് സ്ഥലങ്ങളില്‍ ഫലം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ഇവിടെ വരുക. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സൂചനകള്‍ക്കായി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്ന സ്ഥലമാണിത്.