‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാല്‍ സര്‍ക്കാരിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നത് മാത്രമല്ല’ : ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
എല്ലായ്പ്പോഴും സര്‍ക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ടറല്‍ ബോണ്ട് സ്‌കീമിനെതിരെ വിധിന്യായം പുറപ്പെടുവിച്ചപ്പോള്‍ വളരെ സ്വതന്ത്രമായി വിധിന്യായം പുറപ്പെടുവിക്കുന്നയാളെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി വിധി പറയുമ്പോള്‍ അങ്ങനെയല്ലെന്നും പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നിര്‍വചനമല്ല ഇത് – അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിക്ക് മേല്‍സമ്മര്‍ദ്ദം ചെലുത്തുന്ന ഗ്രൂപ്പുകള്‍ ഉണ്ട്. അനുകൂല വിധി ലഭിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല. നമ്മുടെ സമൂഹത്തില്‍ മാറ്റങ്ങളുണ്ടായി. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ. അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുന്നതിനായി കോടതികളില്‍ സമ്മര്‍ദം ചെലുത്താന്‍ തത്പര കക്ഷികളും സമ്മര്‍ദ ശക്തികളുമെല്ലാം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.