KeralaTop News

ശോഭ സുരേന്ദ്രൻ വീട്ടിൽ വന്നത് 6 മാസം മുൻപ്; ഫോട്ടോ നുണപറയില്ല; തിരൂർ സതീഷ്

Spread the love

ഫോട്ടോ വ്യാജമായി നിർമ്മിക്കുന്നതിന് വേണ്ടി കർട്ടൻ കടയിൽ നിന്ന് വാങ്ങിയെന്ന ശോഭ സുരേന്ദ്രന്റെ വാദം തള്ളി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ ആറ് മാസം മുൻപ് തന്റെ വീട്ടിൽ വന്നിരുന്നു. അരമണിക്കൂറോളം ചിലവഴിച്ചിട്ടാണ് പോയത്. ഫോട്ടോ വ്യാജമല്ല, താൻ ഇരുന്ന് സംസാരിക്കുന്ന ഇടത്ത് നിന്നാണ് ഫോട്ടോ എടുത്തത്. ശോഭ വടക്കാഞ്ചേരിക്ക് പോകുന്ന സമയത്താണ് വീട്ടിൽ എത്തിയത്, ഒരു ഓർമ്മയ്ക്ക് വേണ്ടി എടുത്തു വച്ച ഫോട്ടോയാണ് ഇതെന്നും സതീഷ് പറഞ്ഞു.

ശോഭ മറ്റൊരു ദിവസവും തറവാട്ടിൽ വന്നിരുന്നു. ബിജെപി ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വീട്ടിൽ വന്നത്. തന്റെ അമ്മയ്‌ക്കൊപ്പവും അയൽവാസികളോടൊപ്പം നിന്ന് അവർ ഫോട്ടോ എടുത്തിരുന്നു.
വീടിൻറെ എറയത്ത് നിന്നായിരുന്നു അന്ന് ഫോട്ടോ എടുത്തിരുന്നതെന്നും സതീഷ് വ്യക്തമാക്കി.

ഓരോ ദിവസവും കാര്യങ്ങൾ ശോഭാസുരേന്ദ്രൻ മാറ്റി മാറ്റി പറയുകയാണ്.താൻ എ സി മൊയ്തീനെ കാണാൻ പോയി എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. എന്തിനാണ് താൻ എസി മൊയ്തീനെ കാണാൻ പോകുന്നത്?അത് എന്തിനു വേണ്ടിയാണെന്ന് ശോഭ ഇതുവരെ പറഞ്ഞിട്ടില്ല. ബിജെപിയെ നശിപ്പിക്കുകയോ കെ സുരേന്ദ്രനെ നശിപ്പിക്കുകയോ അല്ല തൻ്റെ പണി. സത്യമായിട്ടുള്ള കാര്യങ്ങളാണ് താൻ പറയുന്നത്. അതിന് ആരുടേയും പിന്തുണയുടെ ആവശ്യമില്ലെന്നും തിരൂർ സതീഷ് വ്യക്തമാക്കി.

അതേസമയം, കൊടകര കുഴൽപ്പണ കേസിൽ പണം കടത്തിയ മുഖ്യസാക്ഷി ധർമ്മരാജന്റെ കൂടുതൽ മൊഴി പുറത്തുവന്നത് ബിജെപിയെ വെട്ടിലാക്കി. കെ സുരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടെന്നും സുരേന്ദ്രനൊപ്പം രണ്ടുതവണ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ നൽകിയിരിക്കുന്ന മൊഴി. ബിജെപിക്ക് വേണ്ടി ബംഗളൂരുവിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ട്. 25 കോടിയുടെ കള്ളപ്പണം പലതവണകളിലായി കേരളത്തിലേക്ക് എത്തിച്ചു കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും കുഴൽപ്പണം എത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ധർമ്മരാജൻ പറയുന്നു.