‘പാലക്കാട് പ്രചരണത്തിന് ഇനി പോകില്ല; BJPക്കാരനായി തുടരും; പാർട്ടിക്കകത്ത് അസ്വസ്ഥർ ഏറെ’; സന്ദീപ് വാര്യർ
ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി സ്ഥിരീകരിച്ചും എണ്ണിപ്പറഞ്ഞും സന്ദീപ് വാര്യർ. അപമാനം നേരിട്ടതിനാൽ പാലക്കാട് പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. തന്നെ നിരന്തരം അവഗണിക്കപ്പെട്ടെന്നും ഇപ്പോഴും ബിജെപിയിൽ തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. അപമാനിക്കപ്പെട്ട സ്ഥലത്തേക്ക് തിരിച്ചുപോകില്ലെന്നത് ആത്മാഭിമാനമുള്ള ഒരു മനുഷ്യനായതുകൊണ്ടാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടി തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് സന്ദീപ് പറഞ്ഞു. എതിർചേരിയിൽപ്പെട്ടവർ പോലും പലപ്പോഴും വ്യക്തിപരമായ വിഷമഘട്ടത്തിൽ കൂടെയുണ്ടായിരുന്നുവെന്ന് സന്ദീപ് പറയുന്നു. സി കൃഷ്ണകുമാർ തന്നെ വിളിച്ചതായി ഓർമയില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ മരിച്ചപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നത് വസ്തുതയാണ്. ആ വസ്തുത മനസിൽ വിങ്ങലായി കിടക്കുന്നതാണെന്ന് സന്ദീപ് പറഞ്ഞു. തന്റെ അനുഭവം ഇതാണെങ്കിൽ മറ്റുള്ളവരുടെ അനുഭവം എന്താണെന്ന് സൂചിപ്പിക്കുക മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതെന്ന് സന്ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനി ഒരു നീതി ഉണ്ടാകില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി അറിയിച്ചിരുന്നു. കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ മത്സരിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നാണ് ആഗ്രഹമെന്ന് സന്ദീപ് പറഞ്ഞു. ആശയുക്കുഴപ്പത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും വോട്ടർമാർക്ക് ഇത് സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നും സന്ദീപ് പറഞ്ഞു.
വീരപരിവേഷം ഉണ്ടാക്കാൻ ഇറങ്ങിവന്നയളല്ല. താൻ സാധാരണക്കാരനാണ്. കെ സുരേന്ദ്രൻ അങ്ങനെ പറഞ്ഞത് സ്വഅനുഭവത്തിൽ നിന്നായിരിക്കും അങ്ങനെ പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു. തന്റെ പ്രശ്‌നം പരിഹരിക്കാൻ ആവശ്യത്തിലധികം സമയം നൽകിയിരുന്നു. അടമി മനോഭാവത്തിൽ പ്രവർത്തിക്കാൻ ബുദ്ധുമുട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.
തന്റെ പേരിൽ ആരും ബലിയാടാവരുതെന്ന് പ്രവർത്തകരോട് സന്ദീപ് ആവശ്യപ്പെട്ടു. തന്റെ കൂടെ ഫോട്ടോയെടുത്തവർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരുണ്ട്. തന്നെവിവാഹം ക്ഷണിച്ചവർക്ക് താക്കീത് നൽകിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. താൻ വിവാഹത്തിൽ പങ്കെടുത്തതിന് ഒരു വിവാഹം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കളുണ്ടെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
ഒ രാജഗോപാലിനെ പോലെ കർമയോഗിയായ ഒരാളെ പോലെയാണ് സ്ഥിരമായി മത്സരിക്കുന്നതെങ്കിൽ ജനങ്ങൾ സ്വീകരിക്കും. എന്നെക്കുറിച്ച് നല്ല വാക്ക് പറഞ്ഞവർക്ക് നന്ദിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മാനസിക വിഷമം ഉണ്ട്. അഞ്ചു ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഉള്ളിൽ പുകയുന്നത് അഗ്നി പർവതമാണെന്ന് സന്ദീപ് പറഞ്ഞു. ചർച്ചയല്ല പരിഹാരമാണ് ആവശ്യമെന്ന് സന്ദീപ് വ്യക്തമാക്കി. നടപടിയെടുക്കാനു മാത്രം താൻ അത്രവലിയ ആളല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് സന്ദീപ് പറഞ്ഞു.