Wednesday, January 22, 2025
Latest:
KeralaTop News

ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള; തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും

Spread the love

ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.

മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും.ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത. മന്ത്രി പി രാജീവ് സംഘാടക സമിതി കൺവീനറായി 15 സബ് കമ്മിറ്റികൾക്കായിരിക്കും നടത്തിപ്പ് ചുമതല. KSTA KP STA തുടങ്ങി അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയർമാരാകും .

ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. രാവിലെ 10 മണിയ്ക്ക് കലവറയുടെ പാൽകാച്ചൽ കർമ്മം മന്ത്രി വി ശിവൻ കൂട്ടി നിർവ്വഹിക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതപരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.