പ്രതികരണങ്ങൾ കണക്കിലെടുക്കേണ്ട; സന്ദീപ് വാര്യരെ അവഗണിക്കാൻ ബിജെപി
നേതൃത്വത്തിനെതിരെ തുറന്നടിച്ച സന്ദീപ് വാര്യരെ അവഗണിക്കാൻ ബിജെപി.
സന്ദീപിൻ്റെ പ്രതികരണങ്ങൾ കണക്കിലെടുക്കേണ്ടെന്നാണ് തീരുമാനം. സന്ദീപിൻ്റെ മാറിനിൽക്കൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. സന്ദീപിൻ്റെ മാറിനിൽക്കൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാനാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന ആവശ്യവും ബിജെപിയിൽ ശക്തമാണ്.
സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് കണ്ടിട്ടില്ലെന്നും അപാകത ഉണ്ടെങ്കിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട മര്യാദ ഫേസ്ബുക് പോസ്റ്റിൽ ഇല്ലെങ്കിൽ വീണ്ടും മാധ്യമങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കിയായിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനത്തിന് മുറിവേറ്റു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങളുണ്ട്. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ അതൃപ്തി പരസ്യമാക്കിയത്.