പൂര നഗരിയിലെ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പൊലീസ് കേസെടുത്തു
തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയിൽ കേസെടുത്ത് പൊലീസ്. സിപിഐ നേതാവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സേവാഭാരതിയുടെ ആംബുലൻസിലാണ് പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി എത്തിയത്. സിപിഐയുടെ മണ്ഡലം സെക്രട്ടറിയായ അഡ്വ.സുമേഷിന്റെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മൂന്ന് പ്രതികൾക്ക് നേരെയാണ് ഐപിസി, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് സുരേഷ് ഗോപി.
ആംബുലൻസ് യാത്ര ഇലക്ഷൻ പ്രചരണത്തിന്റെ തന്ത്രമായിരുന്നുവെന്നാണ് എഫ്ഐആർ. എഫ്ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയും മറ്റ് പ്രതികളും ഉത്സാഹികളായി പ്രവർത്തിച്ച് ലോക്‌സഭാ ഇലക്ഷൻ പ്രചരണത്തിന്റെ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ വേണ്ടിയാണ് രോഗികളെ മാത്രമായി കൊണ്ട് പോകുന്നത്തിന് അനുവാദമുള്ള സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ച് വാഹനങ്ങൾക്ക് നിയന്ത്രണമുള്ള മേഖലയിലൂടെ യാത്ര ചെയ്തത് എന്നുള്ള കാര്യങ്ങളാണ് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്.
ജനത്തിരക്കുള്ള സമയത്താണ് ആംബുലൻസ് ഉപയോഗിച്ചുകൊണ്ട് നിയമ വിരുദ്ധ യാത്ര നടത്തിയിരുന്നത്. മനുഷ്യ ജീവന് ഹാനിവരാനുള്ള സാധ്യതയും ഈ യാത്ര മൂലം ഉണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.