NationalTop News

ഷൊർണൂര്‍ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് സ്റ്റാലിൻ സർക്കാർ, 3 ലക്ഷം സഹായം നൽകും

Spread the love

ചെന്നൈ: കേരളത്തിലെ ഷൊർണൂരിന് സമീപം ട്രെയിൻ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് തമിഴ്നാട് സര്‍ക്കാര്‍. സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ദുരിതാശ്വാസ ഫണ്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു. മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാനാണ് ഉത്തരവ്.

നാല് പേര്‍ മരണപ്പെട്ട ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്നാണ് പാലക്കാട് റെയിൽവെ ഡിവിഷൻ പ്രതികരിച്ചത്. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിന്‍റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രെയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം റെയിൽവെ നൽകുമെന്നും അറിയിച്ചു. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഭാരതപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയായിരുന്നു അപകടം.