ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
ജമ്മു കാശ്‌മീരിലെ ശ്രീനഗറിലെ ഞായറാഴ്ച ചന്തയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ ടൂറിസം ഓഫീസിന് സമീപമുണ്ടായ ആക്രമണത്തിൽ പ്രദേശവാസികളായ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെയും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശ്രീനഗറിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ സൈന്യം വധിച്ചുവെന്നാണ് വിവരം. ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുർത്തിരുന്നു. ആക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ സോഫിയാൻ ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇത്.