KeralaTop News

57കാരനായ അച്ഛന് കരള്‍ പകുത്ത് നല്‍കി 20കാരനായ മകൻ, സര്‍ക്കാര്‍ മേഖലയിലെ 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം

Spread the love

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 7 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് നടന്നത്.

ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ രോഗികള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

കോട്ടയത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകളിലെയും ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.

ഏഴാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായത്. ഗുരുതര കരള്‍ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകന്‍ മൂന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ 20 വയസുകാരനാണ് കരള്‍ പകുത്ത് നല്‍കിയത്.

മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ കരള്‍ പകുത്ത് നല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.