സിപിഐഎമ്മും ബിജെപിയും ഷാഫിയെ ടാർഗറ്റ് ചെയ്യുന്നു, പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ല’; രാഹുൽ മാങ്കൂട്ടത്തിൽ
പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ഷാഫി പറമ്പിൽ ക്രൗഡ് പുള്ളറായ നേതാവാണ്. അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാനാണ് സിപിഐഎമ്മിനും ബിജെപിയ്ക്കും താല്പര്യം. അതിൽ ചിലർ വീണു പോയിട്ടുണ്ടാകാം. ഷാഫിയുടെ നോമിനിയാണ് താനെന്നു പറയുന്നതിൽ സന്തോഷം. ബിജെപിയെ ജയിപ്പിക്കാൻ ആരും ഇഷ്ടമുള്ള നോമിനിയെ നിർത്തില്ല. പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പാലക്കാട് ഉള്ളത്.
പാർട്ടി ചിഹ്നം എങ്ങനെയാണ് ഡമ്മിയായത് എന്ന് ആദ്യം പറയട്ടെ. സിപിഐഎം ആശങ്കപ്പെടേണ്ട പേരാണ് ഷാഫി പറമ്പിൽ. 2026ൽ കോഴിക്കോട് കോൺഗ്രസിന്റെ സീറ്റ് കൂടും. അതിൽ ഷാഫി പറമ്പിലിന്റെ പേരുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
കൊടകര മറക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നു. കെ സുരേന്ദ്രൻ കൊടകര വെളിപ്പെടുത്തലിന് പിന്നിൽ രാഹുൽ ആണെന്നാണ് പറയുന്നത്. എന്തുകൊണ്ട് ഭരിക്കുന്ന പാർട്ടിയെ സംശയിക്കുന്നില്ല. ?. ബിജെപിയിൽ ഇപ്പോഴും പ്രചാരണത്തിന് ഇറങ്ങാത്ത ജനപ്രതിനിധികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.