KeralaTop News

കൊടകര കുഴൽപ്പണ കേസ്; കോടതിയുടെ അനുമതി തേടിയശേഷം തുടരന്വേഷണം; തിരൂർ സതീശിന്റെ മൊഴിയെടുക്കും

Spread the love

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. ADGP മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇഡിക്ക് അയച്ച കത്തിലുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസിലെ പ്രതി ധർമ്മരാജൻ നൽകിയ മൊഴിയും കത്തിലുണ്ട്. പണം എത്തിച്ചത് കർണാടകയിലെ ബിജെപി എംഎൽസി ആയിരുന്ന ലഹർ സിങ്ങാണെന്നും പൊലീസ് കണ്ടെത്തി.

കേസിലെ അന്വേഷണം കർണാടകയിലേക്കും അന്വേഷണം നീളും. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കാൻ സർക്കാർ തീരുമാനം. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.