നേട്ടം ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രം’; കെഎ സുരേഷ് കോൺഗ്രസ് വിട്ടു; സിപിഐഎമ്മിൽ ചേർന്നു
പാലക്കാട് കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. കെ എ സുരേഷ് കോൺഗ്രസ് വിട്ടു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റാണ് സുരേഷ്. ഷാഫി പറമ്പിലിന്റെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സുരേഷ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ നേട്ടമെന്ന് സുരേഷ് കുറ്റപ്പെടുത്തി.
സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് വിട്ട സുരേഷ് സിപിഐഎമ്മിൽ ചേർന്നുവെന്ന് അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രവർത്തിച്ചുവരികയായിരുന്നുവെന്നും ഷാഫിയുടെ ഗ്രൂപ്പ് കളിയെ തുടർന്നാണ് കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോകുന്നതെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സരിനെ ജയിപ്പിക്കാനായിട്ട് സിപിഐഎമ്മിനൊപ്പം ഇനി ഉണ്ടാകുമെന്ന് സുരേഷ് വ്യക്തമാക്കി.
നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും മറുപടിയൊന്നും ലഭിക്കാറില്ല. പാലക്കാട് കോൺഗ്രസിൽ അസംതൃപ്തർ ഏറെയെന്ന് പാർട്ടി വിട്ട കെഎ സുരേഷ് വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ ധിക്കാരനടപടികളാണ് പാർട്ടി വിടാൻ കാരണം. ഇനിയും നിരവധി പേർ പാർട്ടി വിട്ട് പുറത്ത് വരും. സരിന്റെ വിജയത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് സുരേഷ് പറഞ്ഞു.
ഷാഫി പറമ്പിലും സി കൃഷ്ണകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു ആരോപിച്ചു. ഷാഫി മത്സരിക്കുമ്പോൾ കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥി ആകാറില്ല. ഇരുവരും തമ്മിൽ അവിശുദ്ധ ബന്ധമാണ്. മെട്രോമാൻ ഇ ശ്രീധരന് കൃഷ്ണകുമാറിന്റെ വാർഡിൽ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ബിജെപി പരിശോധിക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.