‘അസംബന്ധവും അടിസ്ഥാനരഹിതവും’; അമിത് ഷായ്‌ക്കെതിരായ കാനഡയുടെ പ്രസ്താവനയില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരായ കനേഡിയന്‍ മന്ത്രിയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പ്രസ്താവന അസംബന്ധവും അടിസ്ഥാനരഹിതവും എന്നാണ് ഇന്ത്യയുടെ വിമര്‍ശനം. കനേഡിയന്‍ ഹൈ കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ഉപ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ആരോപിച്ചത്. കാനഡയുടെ ആരോപണത്തിനെത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രതിഷേധം അറിയിക്കാന്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ ഇന്നലെ വിളിച്ചുവരുത്തി.പ്രതിഷേധം അറിയിച്ചുള്ള നയതന്ത്ര കുറിപ്പ് കൈമാറുകയും ചെയ്തു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കനേഡിയന്‍ സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കി എന്നും ഇന്ത്യ കുറ്റപ്പെടുത്തി. വിഷയം ഇന്ത്യ കാനഡ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.