ഹാബ്-1: ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ച് ISRO
ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ. ലഡാക്കിലെ ലേയിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്റെ വെല്ലുവിളികൾ പഠിക്കുന്നതിനായി മിഷൻ ആരംഭിച്ചിരിക്കുന്നത്. ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കിയിട്ടുണ്ട്.
ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്റർ, ഐഎസ്ആർഒ, ആക സ്പേസ് സ്റ്റുഡിയോ, ലഡാക്ക് സർവകലാശാല, ബോംബെ ഐഐടി എന്നിവർ സഹകരിച്ചാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങൾ പേടകത്തിൽ ഒരുക്കും. പേടകത്തിൽ ഒരു ഹൈഡ്രോപോണിക്സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ടാവും. ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബിൽ ഒരുക്കുന്നത്.
ചൊവ്വയുടെയും ചന്ദ്രൻ്റെയും ഭൂപ്രകൃതിയോട് സാമ്യമുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ദൗത്യത്തിനുള്ള സ്ഥലമായി ലഡാക്കിനെ തിരഞ്ഞെടുത്തത്. ദൗത്യത്തിനിടെ, ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യകൾ, റോബോട്ടിക് ഉപകരണങ്ങൾ, വാഹനങ്ങൾ, ആവാസവ്യവസ്ഥകൾ, ആശയവിനിമയങ്ങൾ എന്നിവ പരീക്ഷിക്കും.
2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) സ്ഥാപിക്കുകയും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.