കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും
അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലാണ് സംസ്‌കാര ശൂശ്രൂഷകളുടെ പ്രാരംഭ കര്‍മ്മങ്ങള്‍ നടക്കുക. രാവിലെ 9.30 ഓടെ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ്ങ് കമ്മിറ്റിയുടെ സംയുക്ത യോഗം നടക്കും. തുടര്‍ന്ന് 10.30ഓടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെയും വിവിധ മെത്രാപ്പൊലിത്താമാരുടെയും കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ഘട്ട ആരംഭിക്കും.
ഉച്ചയ്ക്ക് 1 മണിയോടെ കോതമംഗലം വലിയ പള്ളിയില്‍ മൃതശരീരം എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി പുത്തന്‍ കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ മൃതശരീരം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കാര ശുശ്രൂഷയുടെ സമാപന ക്രമങ്ങള്‍ ആരംഭിക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിലാപയാത്ര നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം വിലാപ യാത്ര ആയി പുത്തന്‍ കുരിശിലേക്ക് കൊണ്ടുപോകും. 4 മണി മുതല്‍ പുത്തന്‍ കുരിശിലെ പാത്രിയാര്‍ക്ക സെന്ററിലും പൊതുദര്‍ശനം ഉണ്ടാകും. നാളെ സെന്റ് അത്തനേഷ്യസ് പള്ളിക്ക് അകത്ത് കാതോലിക്ക ബാവയുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ ഖബറിടത്തില്‍ സംസ്‌കരിക്കും.