KeralaTop News

‘പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ, പി.സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കി’; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ട്, സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് നേതാക്കൾ എത്തിയതോടെ ആവേശത്തിലാണ് അണികൾ. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ ഇന്ന് മണ്ഡലത്തിലെത്തി.

ആറ് കേന്ദ്രങ്ങളിൽ പിടി ഉഷ സംസാരിക്കും.

സ്റ്റെതസ്കോപ്പ് ചിഹ്നം ലഭിച്ചതോടെ പ്രചാരണം ഊർജ്ജിതമാക്കുകയാണ് എൽഡിഎഫ്. ഇതിനിടെ സ്റ്റെതസ്കോപ്പ് ജനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആഴത്തിൽ ഇറങ്ങാൻ പറ്റിയ ചിഹ്ന്നമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പറഞ്ഞു. ഡോ.പി. സരിൻ രാവിലെ മുതൽ നഗരം കേന്ദ്രീകരിച്ചാണ് വോട്ട് ചോദിക്കുക. മണ്ഡലപര്യടനം ആരംഭിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും അതിരാവിലെ തന്നെ കളത്തിലിറങ്ങി. വീറും വാശിയും നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടാൻ സ്വതന്ത്രർ അടക്കം പത്ത് പേരാണ് മത്സര രം​ഗത്തുള്ളത്. സരിന് ചിഹ്നം കിട്ടിയതോടെ ഒഴിച്ചിട്ടിരുന്ന ചുവരുകളിൽ ചിഹ്നം കൂടി ചേർത്തുതുടങ്ങി. മൂന്ന് സ്ഥാനാർത്ഥികളും ഇന്നലെ രാത്രി ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.