കത്ത് രഹസ്യമല്ല’; പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തിൽ വി ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ
പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണെന്ന് കെ മുരളീധരൻ. എല്ലാവർക്കും കത്ത് കിട്ടിക്കാണില്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. പാലക്കാട്ട് തന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമല്ല. ഇലക്ഷന് മുൻപ് ആർക്കും ആരുടേയും പേര് പറയാം.അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാർട്ടി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതാണ് ഫൈനൽ കെ മുരളീധരൻ പറഞ്ഞു.
അയച്ച കത്തുകൾ കുറിച്ച് ഇനി ചർച്ചചെയ്യേണ്ട കാര്യമില്ല കാരണം സ്ഥാനാർത്ഥി വന്നുകഴിഞ്ഞു. ഇനി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് നോക്കേണ്ടത്.പതിമൂന്നാം തീയതി വരെ തന്നോട് എല്ലാവരും സ്നേഹം കാണിക്കുന്നുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന്റെ സ്റ്റാൻഡ് എല്ലാവർക്കും മനസ്സിലായി. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ടെന്നും വിഷയത്തിൽ വേട്ടപ്പട്ടിയോടൊപ്പം മുയലിനെ ഇടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയുണ്ടായി. ഒന്നാംപ്രതി പി പി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കളക്ടര്‍ അരുണ്‍ കെ വിജയനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.