Friday, January 24, 2025
Latest:
KeralaTop News

സിനിമ കാണാന്‍ ഒന്നിച്ചെത്തിയിട്ടും പരസ്പരം മിണ്ടാതെ രാഹുലും സരിനും; രാഹുല്‍ മുഖം പോലും തരുന്നില്ലെന്ന് സരിന്റെ പരിഭവം

Spread the love

നേരില്‍ കണ്ടാല്‍ ഒന്ന് ചിരിക്കാന്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകുന്നില്ല എന്നാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്റെ പരിഭാവം. പാര്‍ട്ടിയെ വഞ്ചിച്ചു പോയ ഒരാളോട് സാധാരണ പ്രവര്‍ത്തകന്റെ വികാരം പ്രകടിപ്പിക്കുക മാത്രം ചെയ്യുന്നു എന്നാണ് രാഹുലിന്റെ മറുപടി .കഴിഞ്ഞദിവസം സൗഹൃദത്തിന്റെ കഥ പറഞ്ഞ പല്ലൊട്ടി എന്ന സിനിമ കാണാന്‍ ഒന്നിച്ചത്തിയിട്ടും രാഹുലും സരിനും ചിരിച്ചതേയില്ല.

സൗഹൃദത്തിന്റെ കഥയും 90കളിലെ പശ്ചാത്തലവും ചര്‍ച്ചചെയ്ത പല്ലൊട്ടി എന്ന സിനിമ കാണാന്‍ പാലക്കാട് സ്ഥാനാര്‍ത്ഥികളെ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുകയായിരുന്നു. അരോമ തിയേറ്ററിലേക്ക് ആദ്യം എത്തിയത് ഇടതു സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്‍ ,സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പഴയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ചോദ്യങ്ങള്‍ നീണ്ടു. രാഹുല്‍ തനിക്ക് മുഖം തന്നിട്ടുവേണ്ടേ ചിരിക്കാനെന്നും രാഹുല്‍ ചിരിച്ചാല്‍ താനും ചിരിക്കാന്‍ തയാറാണെന്നും അങ്ങോട്ട് ചിരിക്കാനും തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും സരിന്‍ പറഞ്ഞു. എന്നാല്‍ ഇതൊരു സാധാരണ പ്രവര്‍ത്തകന്റെ വികാരം മാത്രമാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

സിനിമ കാണാന്‍ എത്തിയ സരിനും രാഹുലും വെവ്വേറെ നിരകളില്‍ തന്നെയാണ് ഇരുന്നത്. അണിയറ പ്രവര്‍ത്തകരോട്ടും മാധ്യമപ്രവര്‍ത്തകരോടും സിനിമാ വിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവച്ചുവെങ്കിലും സരിന് മുഖം കൊടുക്കാന്‍ രാഹുല്‍ മാങ്കോട്ടത്തില്‍ തയ്യാറായതേയില്ല.