വിവാദങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കില്ല’; കണ്ണൂരിൽ പുതിയ എഡിഎം പത്മചന്ദ്രക്കുറുപ്പ്, ചുമതലയേറ്റു
നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശിയായ പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. വിവാദങ്ങൾ ചുമതലകൾ ബാധിക്കില്ലെന്നും നവീൻ ബാബു ചെയ്തതെല്ലാം നിയമപരമായിട്ടാണ് അത്തരം നടപടികൾ തന്നെ തുടരാനാണ് ആഗ്രഹം. പ്രതീക്ഷയോടെയാണ് ചുമതലയേറ്റതെന്നും അദ്ദേഹം സ്ഥാനമേറ്റതിന് ശേഷം പ്രതികരിച്ചു. ചുമതലയേൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോർട്ടുകളെല്ലാം തെറ്റാണ്. 23 നാണ് കൊല്ലത്തു നിന്ന് വിടുതൽ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. കുറ്റകൃത്യം ആസൂത്രിതമാണെന്നും ക്രിമിനൽ മനോഭാവം വെളിവാക്കുന്നത്,ദിവ്യക്കെതിരെ നിലവിൽ 5 കേസുകളാണ് ഉള്ളത്. സാക്ഷികൾക്ക് പ്രതിയെ ഭയമാണ്. ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുറച്ച് നിൽക്കുകയാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. തെറ്റ് പറ്റിയെന്ന് വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി. തന്റെ മൊഴിയിലെ മുഴുവൻ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കളക്ടർ പറഞ്ഞു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ദിവ്യക്ക് പുറമെ ടി വി പ്രശാന്തനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു.