ചരിത്രത്തിലാദ്യമായി ദീപാവലി ആഘോഷത്തിന് സ്‌കൂളുകൾക്ക് അവധി നൽകി ന്യൂയോർക്ക്
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഈ വർഷം ജൂൺ മാസത്തിൽ തന്നെ അധികൃതർ അറിയിച്ചിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ഷേത്രത്തിൽ പോകേണ്ടി വരുന്നതിനാലാണ് അവധി നൽകുന്നതെന്ന് ന്യൂയോർക്ക് മേയർ ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണർ ദിലീപ് ചൗഹാൻ പറഞ്ഞു. വിവിധ മതവിഭാഗത്തിൽപെട്ട 1.1 ദശലക്ഷം വിദ്യാർത്ഥിക്കളാണ് ന്യൂയോർക്ക് നഗരത്തിൽ പഠിക്കുന്നത്. ഇതിൽ ഹിന്ദു, സിഖുക്കാർ, ബുദ്ധ മതക്കാർ, എന്നിവരും ഉൾപ്പെടുന്നു. സ്‌കൂളുകൾക്ക് അവധി നൽകുന്നതോടെ ഇവർക്കെല്ലാം ആഘോഷത്തിൽ പങ്കുചേരാൻ കഴിയുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
ഒക്ടോബർ 28 ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ നടത്തുന്ന ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചുകൊണ്ട് എല്ലാവർക്കും ആശംസകൾ അറിയിച്ചിരുന്നു. കൂടാതെ വേൾഡ് ട്രേഡ് സെന്ററിന്റെ ഉൾപ്പടെ നഗരത്തിലെ വിവിധ കെട്ടിടങ്ങളും ദീപങ്ങളാൽ അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമായി.