KeralaTop News

‘ഒളിവില്‍ കഴിയവെ പി പി ദിവ്യ രഹസ്യ ചികിത്സ തേടി’; പരാതിയുമായി പൊതുപ്രവര്‍ത്തകന്‍

Spread the love

പി പി ദിവ്യ ഒളിവില്‍ കഴിയവേ രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് പരാതിക്കാരന്‍.

പയ്യന്നൂരിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി രഹസ്യമായി ചികിത്സ നല്‍കിയതായാണ് പരാതി. ശേഷം ചികിത്സ നല്‍കിയിട്ടില്ലെന്ന് വരുത്തുവാനുള്ള ശ്രമം നടക്കുന്നു. ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും അറിയാമായിരുന്നു. പൊലീസിനെ അറിയിക്കാന്‍ തയ്യാറാകാതെ രഹസ്യ ചികിത്സ നല്‍കിയശേഷം പ്രതിയെ പറഞ്ഞയച്ചെന്നും പരാതിയിലുണ്ട്. പൊലീസിലെ ചിലരുടെ ഒത്താശ പ്രതിക്ക് ലഭിച്ചു. ആശുപത്രി രേഖകളില്‍ ചികിത്സാ തെളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇക്കാലമത്രയും ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറയുന്നത്. ദിവ്യ കണ്ണൂരില്‍ തന്നെയുണ്ടായിരുന്നോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. ദിവ്യയെ എവിടെ വച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അത് വെളിപ്പെടുത്തിയാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അങ്ങോട്ട് പോകുന്ന സാഹചര്യമുണ്ടാകുമെന്നും അത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.