KeralaTop News

നീലേശ്വരം വെടിക്കെട്ടപകടം; ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെ കേസ്

Spread the love

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന‍ത്. സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്. ഇതിൽ സെക്രട്ടറി ചന്ദ്രശേഖരൻ, പ്രസിഡന്റ് ഭരതൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

അശ്രദ്ധമായി വെടിക്കെട്ട് നടത്തിയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്. അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്.

വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരിൽ 8 പേരുടെ നില ​ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്‌തു. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 2 പേർ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്‌. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്‌.