പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും; മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
രാവിലെ ഡൽഹിയിൽ നിന്ന് വിമാന മാർഗം മൈസൂരിലെത്തുന്ന അവർ അവിടെ നിന്ന് ഹെലിക്കോപ്റ്ററിൽ വയനാട് അതിർത്തിയിലെ താളൂരിലെത്തും.തുടർന്ന് റോഡ് മാർഗം മീനങ്ങാടിയിലേക്ക് തിരിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂർ , നിലമ്പൂർ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
സ്ഥാനാര്‍ത്ഥിക്കായി ബൂത്ത് തലങ്ങള്‍കേന്ദ്രീകരിച്ചാണ് യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കളുടെ വോട്ടുതേടല്‍. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പ്രിയങ്കയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.