KeralaTop News

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി

Spread the love

കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. ഇയാൾക്കെതിരെ പൊലീസ് ചുമത്തിയ യുഎപിഎയാണ് പിന്‍വലിച്ചിരിക്കുന്നത്. സ്ഫോട വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കും. സ്ഫോടനം നടന്ന് നാളെ ഒരു വർഷം തികയുന്ന അവസരത്തിലാണ് ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ റദ്ദാക്കൽ.

ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. സംഭവത്തിൽ 6 പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും പൊള്ളലേക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐ.ഇ.ഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സ്ഫോടനം നടത്താൻ ആവശ്യമായ വസ്തുക്കൾ തൃപ്പൂണിത്തുറയിലെ പടക്ക കടയിൽ നിന്നാണ് വാങ്ങിയതെന്നും മാർട്ടിൻനൽകിയ മൊഴിയിൽ സൂചിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പൊലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.

സംഭവം നടക്കുന്ന ദിവസം രാവിലെ 7 30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ പെട്രോളും വച്ചിരുന്നു. ബോംബ് വെച്ച ശേഷം പ്രാര്‍ത്ഥന നടക്കുന്ന ഹാളിൽ നിന്നുമിറങ്ങി കൺവെൻഷൻ സെന്ററിന്റെ പുറകിലേക്ക് പോകുകയും, അവിടെ ഇരുന്നാണ് ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ ഇവിടെനിന്ന് ബൈക്കില്‍ പുറത്തേക്ക് പോയി എന്നും ഡൊമിനിക് മാർട്ടിൻ നൽകിയ മൊഴിയിലുണ്ട്.

അതേസമയം, സിപിഎം യുഎപിഎയ്ക്ക് എതിരാണ് അതുകൊണ്ട് തന്നെ രാഷ്ട്രീയമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു. പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലും പ്രതികളായ അലനും തഹയ്ക്കും നേരെ യുഎപിഎ കുറ്റം ചുമത്തിയിരുന്നുവെങ്കിലും എന്‍ഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷണം ഉണ്ടായിരുന്നു.