Top NewsWorld

ഒടുവിൽ ആശ്വാസ തീരത്ത്; കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ നാട്ടിലെത്തി

Spread the love

ഏറെനാൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ്, മലയാളികളായ ഏഴംഗസംഘം തിരികെ നാട്ടിലെത്തിയത്. കൊച്ചിയിൽ വിമാനമിറങ്ങിയ ഇവർ വൈകിട്ടോടെ ജന്മനാടായ വടകരയിൽ എത്തും. ഒക്ടോബർ മൂന്നിനാണ് യുവാക്കൾ തട്ടിപ്പ് സംഘത്തിൻറെ കെണിയിൽ അകപ്പെട്ട് കംബോഡിയയിൽ എത്തുന്നത്. ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത്, വടകര സ്വദേശിയായ സുഹൃത്ത് യുവാക്കളെ ആദ്യം ബാങ്കോക്കിൽ എത്തിക്കുകയായിരുന്നു. അവിടെനിന്നാണ് കംബോഡിയയിലെ സൈബർ തട്ടിപ്പ് സംഘത്തിന് കൈമാറുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവാക്കൾക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏൽക്കേണ്ടി വന്നു. ഒടുവിൽ സാഹസികമായി രക്ഷപെട്ട ഇവർ ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു

അതേസമയം, പേരാമ്പ്ര സ്വദേശിയായ അബിൻ ബാബു ഇപ്പോഴും കംബോഡിയയിൽ തുടരുകയാണ്. താൻ സുരക്ഷിതൻ ആണെന്ന് അബിൻ ബാബു അറിയിച്ചതായി കുടുംബം വ്യക്തമാക്കി. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അബിൻ ബാബുവിന്റെ പിതാവ് നൽകിയ പരാതിയിൽ നാലുപേർക്കെതിരെ പേരാമ്പ്ര പൊലീസ് തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു.