KeralaTop News

‘മുഖ്യമന്ത്രി സംഘപരിവാറിന്റെ എ ടീം; RSS പ്രേമം മാറിയിട്ടില്ല; കുറ്റക്കാരെ സംരക്ഷിക്കുന്നു’;കെ മുരളീധരന്‍

Spread the love

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് സംഘപരവാറിന്റെ അജണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഘപരിവാറിന്റെ എ ടീമാണ് പിണറായി വിജയനെന്ന് മുരളീധരന്‍ പ്രതികരിച്ചു.

എന്തുകൊണ്ടാണ് ജുഡിഷ്യല്‍ അന്വേഷണം നടത്താതെന്ന് ഇപ്പോള്‍ മനസിലായെന്നും കുറ്റക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. മഖ്യമന്ത്രി തെറ്റാണ് ചെയ്തത്. ആർഎസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയൻ. അന്നത്തെ ആർഎസ്എസ് പ്രേമം ഇന്നും അദ്ദേഹത്തിന് മാഞ്ഞിട്ടില്ലെന്ന് മുരളീധരൻ പറ‍ഞ്ഞു. അതിനുദാഹരണമാണ് പൂരം കലങ്ങിയതിനെ ന്യായീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചുണയുണ്ടെങ്കിൽ മുഖ്യമന്ത്രി പൂരം കലങ്ങിയതിൽ ജുഡിഷ്യൽ‌ അന്വേഷണത്തിന് തയാറാകണമെന്ന് മുരളീധരൻ വെല്ലുവിളിച്ചു. എങ്ങനെയാണ് പൂരം നടത്തുന്നതെന്ന് എങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. അല്ലാതെ ഇത്തരത്തിൽ വിഢിത്തരം എഴുന്നെള്ളിക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു. സിപിഐ മുഖ്യമന്ത്രിയുടെ വാദത്തെ അം​ഗീകരിക്കുന്നില്ല. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ബിജെപിയെ വിജയിപ്പിക്കാൻ പിണറായി വിജയൻ നടത്തിയ ​ഗൂഢശ്രമമാണെന്ന് കെ മുരളീധരൻ ആരോപിച്ചു. ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. അലങ്കോലപ്പെടുത്താൻ‍ ശ്രമം മാത്രമാണ് നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയുമെന്ന് മുഖ്യമന്ത്രി ‍പറയുന്നു. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.