KeralaTop News

തൃശൂർ പൂരം കലക്കിയ സംഭവം: SITയുടെ പരാതിയിൽ കേസെടുത്തു

Spread the love

തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ ആണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.

ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോ​ഗിച്ചത്. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. . തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചിരുന്നത്. പൂരം വിവാദത്തിൽ ത്രിതല അന്വേഷണം പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലായി.

പൂരം കലങ്ങിയത് തന്നെയെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുകയാണ് സിപിഐ. പൂരം കലക്കാൻ ശ്രമിച്ചെന്നും എന്നാൽ കലങ്ങിയില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.മുഖ്യമന്ത്രിയുടെ പരാമർശം തിരുവമ്പാടി ദേവസ്വം പൂർണമായും തള്ളി. എന്നാൽ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടെന്നായിരുന്നു പാറമേക്കാവിന്റെ പ്രതികരണം.