ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം ജീവനൊടുക്കിയെന്ന് സംശയം
തിരുവനന്തപുരം പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച പ്രിയയുടെ ശരീരത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയെന്ന് പൊലീസ്. ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം.
പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കിടപ്പുമുറിക്കുള്ളിൽ കണ്ടെത്തിയത്. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരിച്ച പ്രിയലതയുടെ കഴുത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാം എന്ന സംശയത്തിലാണ് പോലീസ്.
ശെൽവരാജിന്റെ ശരീരത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. പ്രിയയുടെ ശരീരം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയതും ദുരൂഹമാണ്. അതേസമയം സാമ്പത്തിക ബാധ്യതയടക്കം എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിൻകര പോലീസിന്റെ നീക്കം. വീടുവച്ചതിലും മകളെ വിവാഹം കഴിച്ചയപ്പിച്ചതിലും സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിക്കും.
അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കും. മക്കളുടെ മൊഴിയും രേഖപ്പെടുത്തും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ സംഭവത്തിൽ വ്യക്തതയുണ്ടാകുവെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇരുവരുടെയും സംസ്കാരം പാറശ്ശാല ശാന്തികവാടത്തിൽ നടന്നു.