NationalTop News

ഓരോ കേസിലും 7 വർഷം കഠിന തടവ്, കാർവാർ എംഎൽഎക്ക് ആകെ 42 വർഷം ജയിൽ ശിക്ഷ, വിധി പ്രസ്താവത്തിലെ വിവരങ്ങൾ പുറത്ത്

Spread the love

ബംഗ്ളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും കാർവാർ എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങൾ പുറത്ത്. ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും. ഓരോ കേസുകളിലും ഏഴ് വർഷം കഠിന തടവാണ് ശിക്ഷ. ഓരോ കേസിലെയും ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വാചകവും കോടതി ഉത്തരവിൽ ഇല്ല. അതിനാൽ വിധി പ്രകാരം സതീഷ് സെയിലിനും മറ്റ് 6 പേർക്കും 42 വർഷം ജയിലിൽ കിടക്കണ്ടി വരും. 58-കാരനായ സതീഷ് സെയിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് തേടിയെങ്കിലും കോടതി നിരസിച്ചു.

ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിൽ 42 വർഷം ജയിലിൽ കിടക്കണ്ടി വരും. ഇതിനെതിരെ ആദ്യം കോടതിയെ സമീപിക്കാനാണ് സതീഷ് സെയിലിന്റെ അഭിഭാഷകർ ഒരുങ്ങുന്നത്. പ്രത്യേക കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷാ കാലയളവ് കുറക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

സതീഷ് സെയിലിന് ഉടമസ്ഥതയിലുള്ള കമ്പനികളും 9.2 കോടി രൂപ വീതം പിഴ ഒടുക്കണം. 19 കോടിയോളം രൂപ സർക്കാരിന് പിഴ ഒടുക്കേണ്ടി വരും. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.

2006 – 2008 കാലയളവിൽ കാർവാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയിൽ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിംഗ് എക്സ്പോർട്‍സ് അടക്കം നാല് കമ്പനികൾക്കെതിരെയാണ് ആരോപണമുയർന്നത്.

സർക്കാരിന് തുച്ഛമായ റോയൽറ്റി മാത്രം നൽകി നടത്തിയ അനധികൃത കയറ്റുമതിയിലൂടെ 200 കോടി രൂപയോളം ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ലോകായുക്തയും പിന്നീട് ആദായനികുതിവകുപ്പും 2010-11 കാലയളവിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.