KeralaTop News

‘DCC പ്രസിഡന്റിന്റെ കത്തിന്റെ പേരില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ല, ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമം’: കെ മുരളീധരന്‍

Spread the love

പാലക്കാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്ത് വന്നതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. കത്തിന്റെ പേരില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡിസിസി ഈ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നവെന്നും തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച പേര് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

കത്തിപ്പോള്‍ എങ്ങനെ പുറത്തുവന്നു എന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഈ കത്തിന്‍മേല്‍ ഇനി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ എന്റെ ഫോണില്‍ വന്ന കത്തിന്റെ കോപ്പി പോലും ഞാന്‍ ഡിലീറ്റ് ചെയ്തു. നടക്കുന്നത് അനാവശ്യ ചര്‍ച്ച, പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുക – കെ മുരളീധരന്‍ വ്യക്തമാക്കി.

പാലക്കാട് യു ഡി എഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കത്ത് പുറത്തുവന്നെന്ന് വിചാരിച്ച് പാലക്കാട് സ്ഥാനാര്‍ത്ഥിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, പാലക്കാട് പോകുന്നതിനെപ്പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പോകുമെന്നും അത് തന്റെ കടമയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് 24 ന് ലഭിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തുവന്നത്.ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.