പൂരം കലങ്ങിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍, കലങ്ങിയെന്ന് ബിനോയ് വിശ്വം; തൃശൂര്‍ പൂരം വിവാദത്തില്‍ ഇടത് മുന്നണിയില്‍ ആശയക്കുഴപ്പം
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പരാമര്‍ശത്തില്‍ ഇടതു മുന്നണിയില്‍ ആശയക്കുഴപ്പം. പൂരം കലക്കാനുള്ള ശ്രമം നടന്നുവെന്നും എന്നാല്‍ കലങ്ങിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ പാര്‍ട്ടിയും ആവര്‍ത്തിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. അതേസമയം, പൂരം കലങ്ങിയത് തന്നെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു വാക്കിന്റെ പ്രശ്‌നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശ്ശൂര്‍ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും നടത്താന്‍ ചിലര്‍ സമ്മതിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൂരം കലക്കിയെന്ന സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കെ രാജന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ത്രിതല റിപ്പോര്‍ട്ടിന്റെ ഫലം വരട്ടെയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങളെല്ലാം വ്യക്തമായി സൂചിപ്പിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമെടുത്ത് കേള്‍ക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരം കലങ്ങിയത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതു വരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് വടക്കുംനാഥന്റെ മുന്‍പില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടായെന്നും തൃതല അന്വേഷണ സംഘം ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷും വ്യക്തമാക്കി.
പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേയായിരുന്നു പിണറായി വിജയന്റെ തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട പരാമര്‍ശം. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും അദ്ദേഹം ചോദിച്ചു.