ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിന്റെ പേര് പറഞ്ഞത്; കത്ത് പുറത്തായതിൽ അന്വേഷണം നടത്തും’; കെ സുധാകരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കത്ത് അയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും പുറത്തായതാണ് കുഴപ്പമെന്നും കെ സുധാകരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും അതിനെന്താ തെറ്റെന്നും കെ സുധാകരൻ ചോദിച്ചു. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോൺഗ്രസുകാരെന്ന് അദ്ദേഹം പറഞ്ഞു. മുരളീധരന്റെ പേരിനെക്കാൾ രാഹുലിന്റെ പേരാണ് ഉയർന്ന് വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പല പേരുകളും കെപിസിസി ചർച്ച ചെയ്തിട്ടുണ്ട്. അതൊന്നും ഇപ്പോൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം പാർട്ടിക്കകത്തെ കാര്യമാണെന്ന് സുധാകരൻ പറഞ്ഞു.
കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കത്താണ് വിവാദമായത്. പാലക്കാട് തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയാണ് ഡിസിസിയുടെ കത്ത്. സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം.
അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞ് വി ഡി സതീശനും കെ മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളും ഒഴിഞ്ഞു. കത്ത് വിവാദത്തിനു പിന്നാലെ ഷാഫി പറമ്പിലിനെതിരെ പുതിയ ആരോപണവുമായി എ.കെ ഷാനിബും രംഗത്തെത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും മൃതദേഹം ഏറ്റുവാങ്ങാൻ പാലക്കാട് ഉണ്ടായിട്ടും ഷാഫി പറമ്പിൽ പോയില്ലെന്നാണ് ആരോപണം.