മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ഇരുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂർ ജിക്കോ ഷാജി (27) എന്നിവരാണ് അറസ്റ്റിലായത്. ജിക്കൊ ഷാജിക്കെതിരെ അഞ്ചോളം അടിപിടി കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ പരിശോധനക്ക് ശേഷം രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും.
ഇന്നലെ ഉച്ചയോടെയായിരുന്നു മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരുവരും എത്തുന്നത്. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും പിന്നീട് കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രദേശത്തെ കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഇവിടെ എത്തിയിരുന്നത്.